Friday, 14 November 2014

ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 24 പോയിന്റുകളുമായി...




  ഈ വർഷത്തെ ഉപജില്ലാ കലോത്സവം നവമ്പർ 10,11,12,13 തീയ്യതികളിലായി കോട്ടപ്പുറം സ്കുളിൽ വെച്ച് നടന്നു.പരമാവധി ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ ഇത്തവണയും ഞങ്ങൾ ശ്രദ്ധിച്ചു.പ്രത്യേകം  പരിശീലകാരോ   പണക്കൊഴുപ്പിന്റെ പിൻബലമോ ഒന്നുമില്ലെങ്കിലും കുട്ടികൾ നല്ല പ്രകടനം തന്നെ കാഴ്ച വെച്ചു.ഞങ്ങൾ അധ്യാപകർ, ഞങ്ങൾക്കാകുംപോലെ പഠിപ്പിച്ചത്  തങ്ങൾക്കാകുംപോലെ കുട്ടികൾ  അവതരിപ്പിച്ചു..അത്രതന്നെ.ആകെ പങ്കെടുത്ത 8വ്യക്തിഗത ഇനങ്ങളിൽ കടംകഥയ്ക്കും,പെൻസിൽ ഡ്രോയിങ്ങിനും ഒഴികെ ആറിനങ്ങൾക്കും   ഗ്രേഡുകൾ  ലഭിച്ചു. രണ്ടു ഗ്രൂപ്പിനങ്ങളിൽ സംഘഗാനത്തിന് 'എ' ഗ്രേഡും ദേശഭക്തിഗാനത്തിനു 'ബി' ഗ്രേഡും ലഭിച്ചു.. അങ്ങനെ 63 വിദ്യാലയങ്ങളുടെ   കൂട്ടത്തിൽ  24 പോയിന്റുകളുമായി ഞങ്ങളുടെ വിദ്യാലയം പതിനാലാം
സ്ഥാനത്ത്..പേരിലും പെരുമയിലും കുട്ടികളുടെ എണ്ണത്തിലും ഏറെ മുന്നിലുള്ള പല വിദ്യാലയങ്ങളെക്കാളും ഉയർന്ന സ്ഥാനം നേടാൻ കഴിഞ്ഞത് ഞങ്ങളുടെ കുഞ്ഞുങ്ങളുടെയും അധ്യാപകരുടെയും പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ്..അതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്..സന്തോഷമുണ്ട്.
   





Saturday, 8 November 2014

ഉപജില്ലാ ശാസ്ത്രോത്സവത്തിലെ വിജയികളിൽ ഞങ്ങളുടെ കുഞ്ഞുങ്ങളും...

കാഞ്ഞങ്ങാട് പി.പി.ടി.എസ്.എ.എൽ.പി.സ്കൂളിൽ നവമ്പർ7,8 തീയ്യതികളിൽ നടന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിൽ, പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഗ്രേഡ് ലഭിച്ചു. പ്രവ്യ് ത്തി പരിചയ മേളയിൽ നാലിനങ്ങളിലും സാമൂഹ്യശാസ്ത്രമേളയിൽ ഒരിനത്തിലും, ശാസ്ത്രമേളയിലും ഗണിതമേളയിലും രണ്ടിനങ്ങളിൽ വീതവുമാണ് പങ്കെടുത്തത്.ഇതിൽ ബുക് ബൈന്റിങ്ങിൽ ‘എ’ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഫാത്തിമത്ത് സക്കിയ ജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടി.  സയൻസ്,സാമുഹ്യ ശാസ്ത്രം ചാർട്ടുകളിൽ ‘എ’ ഗ്രേഡൊടെ അഞ്ചാം സ്ഥാനത്തെത്താൻ കഴിഞ്ഞതും,ഗണിത മേളയിലെ ജ്യോമെട്രിക് ചാർട്ടിൽ ‘എ’ ഗ്രേഡ് നേടിയതും ഞങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ നേട്ടങ്ങൾ തന്നെയാണ്..

സയൻസ് ചാർട്ട്-റിഷാന&സുമയ്യ

ലഘു പരീക്ഷണം-അർജുൻ&ജിതിൻ

സയൻസ് ചാർട്ട്-റിഷാന&സുമയ്യ

ഗണിത പസിൽ-മുഹമ്മദ് സഹൽ
                                                                                                                                                         
സാമൂഹ്യശാസ്ത്രം ചാർട്ട്-ഫർസീന&റുഫൈദ















                       

Tuesday, 4 November 2014

കേരളപ്പിറവിദിനാശംസകൾ...

കേരളപ്പിറവിദിനവുമായി ബന്ധപ്പെട്ട് സ്കൂൾ നോട്ടീസ്ബോർഡിൽ പതിച്ച ചുമർ പത്രം

Friday, 31 October 2014

ഹോസ്ദുർഗ് ഉപജില്ലയിലെ മികച്ച സ്കൂൾബ്ലോഗുകളിലൊന്നായി പുഞ്ചാവി സ്കൂൾ ബ്ലോഗ്....

ഹോസ്ദുർഗ് ഉപജില്ലയിലെ  മികച്ച ബ്ലോഗുകളുടെ പ്രഖ്യാപനം ഹെഡ്മാസ്റ്റേർസ് കോൺഫറൻസിൽ വെച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ടി.എം.സദാനന്ദൻ നടത്തിയപ്പോൾ എൽ.പി.വിഭാഗത്തിലെ മൂന്നു മികച്ച ബ്ലോഗുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടത് പുഞ്ചാവി സ്കൂളിന്റെ ബ്ളോഗാണെന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്...‘പുഞ്ചാവിവിശേഷങ്ങൾ’ അറിയാൻ ഇടയ്ക്കിടെ ഇവിടം സന്ദർശിക്കുന്ന മുഴുവൻ ആളുകൾക്കുമായി ഈ ബഹുമതി സവിനയം സമർപ്പിക്കുന്നു....തുടർന്നും സന്ദർശിക്കുമല്ലോ..ഒപ്പം ബ്ലോഗ് മെച്ചപ്പെടുത്താൻ ആവശ്യമായ നിർദേശങ്ങൾ കൂടിയായാൽ ഏറെ സന്തോഷം...

Friday, 3 October 2014

മഹാത്മജിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ.....


          ഒക്ടോബർ 2-ഗാന്ധി ജയന്തി.രാവിലെ 10 മണിക്ക് മുമ്പുതന്നെ അധ്യാപകരും കുട്ടികളും സ്കൂളിൽ എത്തി...  അധികം വൈകാതെ അസംബ്ളി തുടങ്ങി.  ശുചീകരണപ്രവർത്തനങ്ങൾ രണ്ടുദിവസം മുമ്പേ ആരംഭിച്ചിരുന്നു...തുടർപ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണം എന്ന് അസംബ് ളിയിൽ വെച്ച് കുട്ടികളോട് പറഞ്ഞു.പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ശുചിത്വഭാരതം’ പരിപാടി ഗാന്ധിജയന്തിനാളിൽ ആരംഭിക്കുന്നതിന്റെ പ്രാധാന്യം വിശദീകരിച്ചു.ആദ്യം വ്യക്തി ശുചിത്വം..പിന്നെ, ശുചിത്വമുള്ള വീട്..ശുചിത്വ വിദ്യാലയം..ശുചിത്വഗ്രാമം.ശുചിത്വ കേരളം..ശുചിത്വ ഭാരതം...ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഓരോരുത്തരും അവരുടേതായ പങ്കു നിർവഹിക്കണം...നമ്മുടെ വിദ്യാലയവും പരിസരവും ശുചിയാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്ന് ലഘുഭാഷണത്തിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തി.                 



                               ...ഗാന്ധിജിയുടെ സ്വപ്നമായിരുന്ന ഗ്രാമസ്വരാജിനെക്കുറിച്ചും അൽ‌പ്പം കാര്യം സംസാരിച്ചു.പ്രസംഗത്തെക്കാൾ പ്രവ്യ് ത്തിക്കാണല്ലോ പ്രാധാന്യം..അതുകൊണ്ടുതന്നെ നമുക്കാവശ്യമായ പച്ചക്കറികൾ കുടുംബക്യ് ഷിയിലൂടെഉണ്ടാക്കി രാഷ്ട്രപിതാവിന്റെ സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള എളിയശ്രമത്തിൽ നമുക്കും പങ്കാളികളാകാം എന്നു പറഞ്ഞപ്പോൾ കുട്ടികൾക്ക് ഏറെ സന്തോഷം....നടാനാവശ്യമായ പച്ചക്കറിവിത്തുകൾ ക്യ് ഷിഭവനിൽനിന്നും ലഭിച്ചത് കുട്ടികൾക്ക് വിതരണം ചെയ്യാനായി, കുട്ടികൾക്ക് പരിചിതയായ ഞാണിക്കടവിലെ ജാനകിയേട്ടി നേരത്തേതന്നെ സ്കൂളിൽ എത്തിയിരുന്നു....സ്കൂൾ ലീഡർ റിഷാനയും വിദ്യാലയവികസനസമിതി വൈസ് ചെയർമാൻ ദാമോദരേട്ടനും ചേർന്ന് ജാനകിയേട്ടിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു..ഒന്നാം ക് ളാസ്സിലെ രഘുനന്ദിന് ഒരു പാക്കറ്റ് വിത്ത് നൽകിക്കൊണ്ട് വിത്തുവിതരണോൽഘാടനം നിർവഹിച്ചു..ഒപ്പം വിത്ത് നടുന്നതിനെക്കുറിച്ച് കൊച്ചുമോന്റെ ചെവിയിൽ അൽ‌പ്പം മന്ത്രവും!                                                                                                           
  അസംബ്ളിക്കുശേഷം വായനാമുറിയിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് ശശി അധ്യക്ഷത വഹിച്ചു..ജാനകിയേട്ടിയുടെ ക്യ് ഷിപ്പാട്ടോടെയായിരുന്നു യോഗത്തിന്റെ ഉൽഘാടനം..ഒപ്പം ദാമോദരേട്ടനും ജാനകിയേട്ടിയും ചേർന്ന് ക്യ് ഷി പരിപാലനരീതികൾ കുട്ടികളെ പഠിപ്പിച്ചു...ക്യ് ഷി പഠിപ്പിക്കാൻ യോഗ്യർ അനുഭവസ്ഥരായ ക്യ് ഷിക്കാർ തന്നെയാണല്ലോ.. അപ്രതീക്ഷിതമായി ചടങ്ങിൽ എത്തിയ പൂർവ വിദ്യാർഥി വിനു ഞാണിക്കടവ്  പഴയകാല വിദ്യാലയ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.സുരേഷ് മാഷ് നിർബന്ധിച്ചപ്പോൾ വിനു നാടൻ പാട്ടുകൾ പാടി..കുട്ടികൾ താളമിട്ട് ഏറ്റുപാടി...                                                                  
                    ..പിന്നിട് സുരേഷ്മാഷും,പ്രധാനാധ്യാപകൻ നാരായണൻ മാഷും ഗാന്ധിജിയെക്കുറിച്ച് കുറച്ചുകാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു...ഗാന്ധിജിയുടെ ആത്മകഥ പരിചയപ്പെടുത്തി...പരമേശ്വരി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു..      
 നാലാം ക്ളാസ്സിലെ നിസാമുദ്ദീ   നിന്റെയും ഒന്നാം ക്ളാസ്സിലെ സീനത്തിന്റെയും രക്ഷിതാക്കളുടെ വിവാഹവാർഷികദിനംകൂടിയാണ് ഒക്ടോബർ 2 എന്നതിനാൽ അവരുടെ വക മുഴുവൻ കുട്ടികൾക്കും ലഡു വിതരണം ചെയ്ത ശേഷമാണ് യോഗം അവസാനിച്ചത്...പോകുന്നതിനുമുമ്പ് എല്ലാ കുട്ടികൾക്കും പച്ചക്കറിവിത്തുകൾ നൽകി..രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽ നല്ലൊരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുമെന്നും അതുവഴി മികച്ച കുട്ടിക്കർഷകരായി മാറുമെന്നും പ്രതിജ്ഞയെടുത്തുകൊണ്ടാണ് കുട്ടികൾ വീട്ടിലേക്ക് പോയത്...ങ്ങനെയായാൽ ഈ ദിനം കേവലമായ ആചരണത്തിനപ്പുറം സാർഥകമാവുകതന്നെ ചെയ്യും..അതിനായി നമുക്ക് കാത്തിരിക്കാം.