Friday 19 December 2014

ഹാപ്പി ക്രിസ്മസ്...


ക്രിസ്മസ് ആശംസകളുമായി ക്രിസ്മസ് അപ്പൂപ്പൻ ക്ലാസ്സിൽ എത്തിയപ്പോൾ ഒന്നാം ക്ലാസ്സിലെ കുരുന്നുകൾ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീടവർ അപ്പൂപ്പന്റെ പിറകെ മറ്റു ക്ലാസ്സുകളിലേക്ക് പോകാൻ തിരക്കു കൂട്ടി........                               കുട്ടികൾക്ക് നൽകാൻ ക്രിസ്മസ് കേക്കുമായാണ് അപ്പൂപ്പൻ എത്തിയത്....കേക്ക് നൽകുന്നതിനുമുമ്പ് അപ്പൂപ്പന്റെ സാന്നിധ്യത്തിൽ കൂട്ടുകാർ അവർ തന്നെ തയ്യാറാക്കിയ ആശംസാ കാർഡുകൾ പരസ്പരം കൈമാറി.







 ഉച്ചയ്ക്ക് സദ്യകൂടിയായപ്പോൾ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം പരീക്ഷാ ചൂടിനിടയിലും കെങ്കേമമായി.



Thursday 18 December 2014

പരീക്ഷയ്ക്കിടയിലും ക്രിസ്മസ് ആഘോഷം...

നാളെ ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുകയാണ്..പരീക്ഷ നാളെയും ഉണ്ട്....മുമ്പൊക്കെ സ്കൂൾ അടക്കുന്ന ദിവസം പരീക്ഷ വെക്കാതെ ആഘോഷങ്ങൾക്കുവേണ്ടി മാറ്റി വയ്ക്കുമായിരുന്നു...ആ പതിവൊക്കെ മാറിയിരിക്കുന്നു..എങ്കിലും ആഘോഷം തീരെ ഒഴിവാക്കാൻ ഞങ്ങൾ തയ്യാറല്ല..അതിനാൽ ഇന്ന് പരീക്ഷയ്ക്കിടയിലെ സമയം പ്രയോജനപ്പെടുത്തിക്കൊണ്ട് എല്ലാ ക്ലാസ്സുകളിലും ക്രിസ്മസ് കാർഡുകൾ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു പുഞ്ചാവിയിലെ കുട്ടികൾ...(..നാളെ പുൽക്കൂടും, ക്രിസ്മസ് ട്രീയും,ക്രിസ്മസ് കേക്കും,ക്രിസ്മസ് സദ്യയും എല്ലാം ഉണ്ടാകും!) രണ്ടാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ കാർഡുകൾ നോക്കൂ....








Friday 5 December 2014

രക്ഷാകർത്യ് ബോധവൽക്കരണവും അനുമോദനവും

           


...കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും,പഠനകാര്യങ്ങളിൽ കുട്ടികൾക്ക് നൽകേണ്ടുന്ന സഹായങ്ങളെക്കുറിച്ചും രക്ഷിതാക്കളെ ബോധവൽകരിക്കുന്നതിനായി  ഡിസമ്പർ 4നു ഉച്ചയ്ക്ക് 2 മണി മുതൽ 4.30 വരെ സംഘടിപ്പിച്ച ക്ലാസ്സിൽ 60 ൽ അധികം രക്ഷിതാക്കൾ പങ്കെടുത്തു.സുരേഷ് മാഷാണ് ക്ലാസ് കൈകാര്യം ചെയ്തത്.ഉപജില്ലാതല മേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു.പി.ടി.എ പ്രസിഡണ്ട് പി.ശശി അധ്യക്ഷത വഹിച്ചു.പരമേശ്വരി ടീച്ചർ സ്വാഗതം പറഞ്ഞു.വിദ്യാലയ വികസനസമിതി അംഗവും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ എൻ.കുഞ്ഞമ്പുവേട്ടൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.അർധ വാർഷിക മൂല്യനിർണ്ണയത്തെക്കുറിച്ചും,വിദ്യാലയവികസനവുമായി ബന്ധപ്പെട്ട് നടത്താൻ തീരുമാനിച്ച പ്രവർത്തനങ്ങളെക്കുറിച്ചും പ്രധാനാധ്യാപകൻ കെ.നാരായണൻ സംസാരിച്ചു.








Thursday 4 December 2014

‘’ഞങ്ങൾ സാക്ഷരർ..’‘



സ്കൂൾ ലീഡർ കുമാരി റിഷാന പ്രഖ്യാപിക്കുന്നു...‘ഞങ്ങൾ സാക്ഷരർ’





 ‘‘ ഞങ്ങൾ സാക്ഷരർ......’’   സ്കൂൾതല സാക്ഷരം പരിപാടിയിലൂടെ മുഴുവൻ കൂട്ടുകാരും വായനയുടെയും എഴുത്തിന്റെയും കാര്യത്തിൽ നിശ്ചിത നിലവാരത്തിൽ എത്തിയെന്ന സന്തോഷകരമായ കാര്യം രക്ഷിതാക്കളെ സാക്ഷി നിർത്തി  സ്കൂൾ ലീഡറായ കുമാരി റിഷാന പ്രഖ്യാപിച്ചപ്പോൾ രക്ഷിതാക്കൾ ഹർഷാരവങ്ങളോടെ അത് സ്വീകരിച്ചു.ബോർഡിൽ ഒട്ടിച്ച വെള്ളക്കടലാസിൽ ഡെസ്റ്റർ കൊണ്ട് തുടച്ചപ്പോൾ ‘ഞങ്ങൾ സാക്ഷരർ’ എന്ന് തെളിഞ്ഞു വന്നത് രക്ഷിതാക്കളെ അൽഭുതപ്പെടുത്തി! ഇതു തന്നെയാണ് കുഞ്ഞുങ്ങളിൽ ഉണ്ടായ മാറ്റവുമെന്ന്  സുരേഷ്  മാഷ് വിശദീകരിച്ചപ്പോൾ അവർക്ക് ഏറെ സന്തോഷം.. ഓർമ്മയിൽ എവിടെയോ മറഞ്ഞു കിടന്നിരുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും കുഞ്ഞുങ്ങളുടെ മനസ്സിലും തെളിഞ്ഞുവന്നു,കാസർഗോഡ് ഡയറ്റ് ആസൂത്രണം ചെയ്ത ‘സാക്ഷരം‘ പരിപാടിയിലൂടെ..

Friday 14 November 2014

ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 24 പോയിന്റുകളുമായി...




  ഈ വർഷത്തെ ഉപജില്ലാ കലോത്സവം നവമ്പർ 10,11,12,13 തീയ്യതികളിലായി കോട്ടപ്പുറം സ്കുളിൽ വെച്ച് നടന്നു.പരമാവധി ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ ഇത്തവണയും ഞങ്ങൾ ശ്രദ്ധിച്ചു.പ്രത്യേകം  പരിശീലകാരോ   പണക്കൊഴുപ്പിന്റെ പിൻബലമോ ഒന്നുമില്ലെങ്കിലും കുട്ടികൾ നല്ല പ്രകടനം തന്നെ കാഴ്ച വെച്ചു.ഞങ്ങൾ അധ്യാപകർ, ഞങ്ങൾക്കാകുംപോലെ പഠിപ്പിച്ചത്  തങ്ങൾക്കാകുംപോലെ കുട്ടികൾ  അവതരിപ്പിച്ചു..അത്രതന്നെ.ആകെ പങ്കെടുത്ത 8വ്യക്തിഗത ഇനങ്ങളിൽ കടംകഥയ്ക്കും,പെൻസിൽ ഡ്രോയിങ്ങിനും ഒഴികെ ആറിനങ്ങൾക്കും   ഗ്രേഡുകൾ  ലഭിച്ചു. രണ്ടു ഗ്രൂപ്പിനങ്ങളിൽ സംഘഗാനത്തിന് 'എ' ഗ്രേഡും ദേശഭക്തിഗാനത്തിനു 'ബി' ഗ്രേഡും ലഭിച്ചു.. അങ്ങനെ 63 വിദ്യാലയങ്ങളുടെ   കൂട്ടത്തിൽ  24 പോയിന്റുകളുമായി ഞങ്ങളുടെ വിദ്യാലയം പതിനാലാം
സ്ഥാനത്ത്..പേരിലും പെരുമയിലും കുട്ടികളുടെ എണ്ണത്തിലും ഏറെ മുന്നിലുള്ള പല വിദ്യാലയങ്ങളെക്കാളും ഉയർന്ന സ്ഥാനം നേടാൻ കഴിഞ്ഞത് ഞങ്ങളുടെ കുഞ്ഞുങ്ങളുടെയും അധ്യാപകരുടെയും പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ്..അതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്..സന്തോഷമുണ്ട്.
   





Saturday 8 November 2014

ഉപജില്ലാ ശാസ്ത്രോത്സവത്തിലെ വിജയികളിൽ ഞങ്ങളുടെ കുഞ്ഞുങ്ങളും...

കാഞ്ഞങ്ങാട് പി.പി.ടി.എസ്.എ.എൽ.പി.സ്കൂളിൽ നവമ്പർ7,8 തീയ്യതികളിൽ നടന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിൽ, പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഗ്രേഡ് ലഭിച്ചു. പ്രവ്യ് ത്തി പരിചയ മേളയിൽ നാലിനങ്ങളിലും സാമൂഹ്യശാസ്ത്രമേളയിൽ ഒരിനത്തിലും, ശാസ്ത്രമേളയിലും ഗണിതമേളയിലും രണ്ടിനങ്ങളിൽ വീതവുമാണ് പങ്കെടുത്തത്.ഇതിൽ ബുക് ബൈന്റിങ്ങിൽ ‘എ’ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഫാത്തിമത്ത് സക്കിയ ജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടി.  സയൻസ്,സാമുഹ്യ ശാസ്ത്രം ചാർട്ടുകളിൽ ‘എ’ ഗ്രേഡൊടെ അഞ്ചാം സ്ഥാനത്തെത്താൻ കഴിഞ്ഞതും,ഗണിത മേളയിലെ ജ്യോമെട്രിക് ചാർട്ടിൽ ‘എ’ ഗ്രേഡ് നേടിയതും ഞങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ നേട്ടങ്ങൾ തന്നെയാണ്..

സയൻസ് ചാർട്ട്-റിഷാന&സുമയ്യ

ലഘു പരീക്ഷണം-അർജുൻ&ജിതിൻ

സയൻസ് ചാർട്ട്-റിഷാന&സുമയ്യ

ഗണിത പസിൽ-മുഹമ്മദ് സഹൽ
                                                                                                                                                         
സാമൂഹ്യശാസ്ത്രം ചാർട്ട്-ഫർസീന&റുഫൈദ















                       

Tuesday 4 November 2014

കേരളപ്പിറവിദിനാശംസകൾ...

കേരളപ്പിറവിദിനവുമായി ബന്ധപ്പെട്ട് സ്കൂൾ നോട്ടീസ്ബോർഡിൽ പതിച്ച ചുമർ പത്രം

Friday 31 October 2014

ഹോസ്ദുർഗ് ഉപജില്ലയിലെ മികച്ച സ്കൂൾബ്ലോഗുകളിലൊന്നായി പുഞ്ചാവി സ്കൂൾ ബ്ലോഗ്....

ഹോസ്ദുർഗ് ഉപജില്ലയിലെ  മികച്ച ബ്ലോഗുകളുടെ പ്രഖ്യാപനം ഹെഡ്മാസ്റ്റേർസ് കോൺഫറൻസിൽ വെച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ടി.എം.സദാനന്ദൻ നടത്തിയപ്പോൾ എൽ.പി.വിഭാഗത്തിലെ മൂന്നു മികച്ച ബ്ലോഗുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടത് പുഞ്ചാവി സ്കൂളിന്റെ ബ്ളോഗാണെന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്...‘പുഞ്ചാവിവിശേഷങ്ങൾ’ അറിയാൻ ഇടയ്ക്കിടെ ഇവിടം സന്ദർശിക്കുന്ന മുഴുവൻ ആളുകൾക്കുമായി ഈ ബഹുമതി സവിനയം സമർപ്പിക്കുന്നു....തുടർന്നും സന്ദർശിക്കുമല്ലോ..ഒപ്പം ബ്ലോഗ് മെച്ചപ്പെടുത്താൻ ആവശ്യമായ നിർദേശങ്ങൾ കൂടിയായാൽ ഏറെ സന്തോഷം...