Friday, 3 October 2014

മഹാത്മജിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ.....


          ഒക്ടോബർ 2-ഗാന്ധി ജയന്തി.രാവിലെ 10 മണിക്ക് മുമ്പുതന്നെ അധ്യാപകരും കുട്ടികളും സ്കൂളിൽ എത്തി...  അധികം വൈകാതെ അസംബ്ളി തുടങ്ങി.  ശുചീകരണപ്രവർത്തനങ്ങൾ രണ്ടുദിവസം മുമ്പേ ആരംഭിച്ചിരുന്നു...തുടർപ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണം എന്ന് അസംബ് ളിയിൽ വെച്ച് കുട്ടികളോട് പറഞ്ഞു.പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ശുചിത്വഭാരതം’ പരിപാടി ഗാന്ധിജയന്തിനാളിൽ ആരംഭിക്കുന്നതിന്റെ പ്രാധാന്യം വിശദീകരിച്ചു.ആദ്യം വ്യക്തി ശുചിത്വം..പിന്നെ, ശുചിത്വമുള്ള വീട്..ശുചിത്വ വിദ്യാലയം..ശുചിത്വഗ്രാമം.ശുചിത്വ കേരളം..ശുചിത്വ ഭാരതം...ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഓരോരുത്തരും അവരുടേതായ പങ്കു നിർവഹിക്കണം...നമ്മുടെ വിദ്യാലയവും പരിസരവും ശുചിയാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്ന് ലഘുഭാഷണത്തിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തി.                 



                               ...ഗാന്ധിജിയുടെ സ്വപ്നമായിരുന്ന ഗ്രാമസ്വരാജിനെക്കുറിച്ചും അൽ‌പ്പം കാര്യം സംസാരിച്ചു.പ്രസംഗത്തെക്കാൾ പ്രവ്യ് ത്തിക്കാണല്ലോ പ്രാധാന്യം..അതുകൊണ്ടുതന്നെ നമുക്കാവശ്യമായ പച്ചക്കറികൾ കുടുംബക്യ് ഷിയിലൂടെഉണ്ടാക്കി രാഷ്ട്രപിതാവിന്റെ സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള എളിയശ്രമത്തിൽ നമുക്കും പങ്കാളികളാകാം എന്നു പറഞ്ഞപ്പോൾ കുട്ടികൾക്ക് ഏറെ സന്തോഷം....നടാനാവശ്യമായ പച്ചക്കറിവിത്തുകൾ ക്യ് ഷിഭവനിൽനിന്നും ലഭിച്ചത് കുട്ടികൾക്ക് വിതരണം ചെയ്യാനായി, കുട്ടികൾക്ക് പരിചിതയായ ഞാണിക്കടവിലെ ജാനകിയേട്ടി നേരത്തേതന്നെ സ്കൂളിൽ എത്തിയിരുന്നു....സ്കൂൾ ലീഡർ റിഷാനയും വിദ്യാലയവികസനസമിതി വൈസ് ചെയർമാൻ ദാമോദരേട്ടനും ചേർന്ന് ജാനകിയേട്ടിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു..ഒന്നാം ക് ളാസ്സിലെ രഘുനന്ദിന് ഒരു പാക്കറ്റ് വിത്ത് നൽകിക്കൊണ്ട് വിത്തുവിതരണോൽഘാടനം നിർവഹിച്ചു..ഒപ്പം വിത്ത് നടുന്നതിനെക്കുറിച്ച് കൊച്ചുമോന്റെ ചെവിയിൽ അൽ‌പ്പം മന്ത്രവും!                                                                                                           
  അസംബ്ളിക്കുശേഷം വായനാമുറിയിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് ശശി അധ്യക്ഷത വഹിച്ചു..ജാനകിയേട്ടിയുടെ ക്യ് ഷിപ്പാട്ടോടെയായിരുന്നു യോഗത്തിന്റെ ഉൽഘാടനം..ഒപ്പം ദാമോദരേട്ടനും ജാനകിയേട്ടിയും ചേർന്ന് ക്യ് ഷി പരിപാലനരീതികൾ കുട്ടികളെ പഠിപ്പിച്ചു...ക്യ് ഷി പഠിപ്പിക്കാൻ യോഗ്യർ അനുഭവസ്ഥരായ ക്യ് ഷിക്കാർ തന്നെയാണല്ലോ.. അപ്രതീക്ഷിതമായി ചടങ്ങിൽ എത്തിയ പൂർവ വിദ്യാർഥി വിനു ഞാണിക്കടവ്  പഴയകാല വിദ്യാലയ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.സുരേഷ് മാഷ് നിർബന്ധിച്ചപ്പോൾ വിനു നാടൻ പാട്ടുകൾ പാടി..കുട്ടികൾ താളമിട്ട് ഏറ്റുപാടി...                                                                  
                    ..പിന്നിട് സുരേഷ്മാഷും,പ്രധാനാധ്യാപകൻ നാരായണൻ മാഷും ഗാന്ധിജിയെക്കുറിച്ച് കുറച്ചുകാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു...ഗാന്ധിജിയുടെ ആത്മകഥ പരിചയപ്പെടുത്തി...പരമേശ്വരി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു..      
 നാലാം ക്ളാസ്സിലെ നിസാമുദ്ദീ   നിന്റെയും ഒന്നാം ക്ളാസ്സിലെ സീനത്തിന്റെയും രക്ഷിതാക്കളുടെ വിവാഹവാർഷികദിനംകൂടിയാണ് ഒക്ടോബർ 2 എന്നതിനാൽ അവരുടെ വക മുഴുവൻ കുട്ടികൾക്കും ലഡു വിതരണം ചെയ്ത ശേഷമാണ് യോഗം അവസാനിച്ചത്...പോകുന്നതിനുമുമ്പ് എല്ലാ കുട്ടികൾക്കും പച്ചക്കറിവിത്തുകൾ നൽകി..രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽ നല്ലൊരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുമെന്നും അതുവഴി മികച്ച കുട്ടിക്കർഷകരായി മാറുമെന്നും പ്രതിജ്ഞയെടുത്തുകൊണ്ടാണ് കുട്ടികൾ വീട്ടിലേക്ക് പോയത്...ങ്ങനെയായാൽ ഈ ദിനം കേവലമായ ആചരണത്തിനപ്പുറം സാർഥകമാവുകതന്നെ ചെയ്യും..അതിനായി നമുക്ക് കാത്തിരിക്കാം.







Wednesday, 1 October 2014

ആദ്യയാത്രയുടെ ആനന്ദം...

സപ്റ്റംബർ 30 നു രാവിലെ 9.30ന് സ്കൂൾബസ്സിലെ ആദ്യയാത്രക്കാർ ബസ്സിറങ്ങി സ്കൂളിലേക്ക്..
സ്കൂൾബസ്സിൽ ആദ്യമായി വന്നിറങ്ങിയ കുട്ടികളെ എതിരേൽക്കാനായി വിരിഞ്ഞതാണോ സ്വർണ്ണമഞ്ഞനിറത്തിലുള്ള ഈ മത്തൻ പൂവ്!

Monday, 29 September 2014

പുഞ്ചാവി സ്കൂളിലേക്ക് നാളെമുതൽ ബസ്...ഞങ്ങളുടെ സ്വന്തം സ്കൂൾ ബസ്!







...ഇത് ആഹ്ളാദത്തിന്റെസുദിനം...ഞങ്ങളുടെ വിദ്യാലയത്തിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്കൂൾബസ് ബഹുമാനപ്പെട്ട ശ്രീ.ഇ.ചന്ദ്രശേഖരൻ എം.എൽ.എ   ഫ് ളാഗ് ഓഫ് ചെയ്തിരിക്കുന്നു. ഇന്ന്(29.09.2014) ഉച്ചയ്ക്കുശേഷം 3 മണിക്ക് അധ്യാപകരുടെയും,വിദ്യാർഥികളുടെയും,പൂർവ വിദ്യാർഥികളുടെയു രക്ഷിതാക്കളുടെയും,നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു ഫ്ളാഗ് ഓഫ്. തുടർന്ന് സ്കൂൾഹാളിൽ ചേർന്ന യോഗത്തിൽ കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൻ സി.ജാനകിക്കുട്ടി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം.സദാനന്ദൻ,വിദ്യാലയ വികസനസമിതി വൈസ് ചെയർമാൻ കെ.ദാമോദരൻ,പി.ടി.എ പ്രസിഡണ്ട് പി.ശശി,മദർ പി.ടി.എ പ്രസിഡണ്ട് നസീമ.എം.പി,സീനിയർ അസിസ്റ്റന്റ് പി.പരമേശ്വരി,സ്കൂൾ ലീഡർ റിഷാന.ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വാർഡ് കൌൺസിലർ നജ്മ റാഫി സ്വാഗതവും വിദ്യാലയവികസനസമിതി ജോ.കൺ വീനർ കെ.എൻ.സുരേഷ് മാഷ് നന്ദിയും പറഞ്ഞു. പ്രധാനാധ്യാപകൻ കെ.നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു.യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം മധുരം വിതരണം ചെയ്തു                                                                  

Thursday, 25 September 2014

ഇഷ്റയുടെ ഇംഗ്ളീഷ് പുസ്തകത്തിൽനിന്ന്....


ഒന്നാംതരത്തിലെ ഇഷ്റ നന്നായി സംസാരിക്കും...നന്നായി എഴുതും..  ...നന്നായി വരക്കും.....   നന്നായി പഠിക്കും.     ഇംഗ്ളീഷ് പാഠപുസ്തകത്തിലെ ചിത്രങ്ങൾ നോക്കി നോട്ട് പുസ്തകത്തിൽ മനോഹരമായി വരയ്ക്കാനും അവൾക്കറിയാം..മാഷ്, ബോർഡിൽ വരച്ച ചിത്രങ്ങൾ അതിനെക്കാൾ ഭംഗിയായി അവൾ തന്റെ നോട്ട്പുസ്തകത്തിൽ വരയ്ക്കും..വാക്കുകളും ചെറു വാക്യങ്ങളും നോക്കി എഴുതും..കേവലമായ ‘ഗ്രാഫിക് റൈറ്റിങ്ങിൽ’ ഒതുങ്ങുന്നതല്ല അവളുടെ എഴുത്ത്..ഒരിക്കൽ പറഞ്ഞുകൊടുത്താൽത്തന്നെ അവൾക്ക് കാര്യങ്ങൾ മനസ്സിലാകും..തെറ്റുകൂടാതെ ഇംഗ്ളീഷ് വായിക്കാനും എഴുതാനും അവൾക്കാകും..കൂട്ടുകാരെ സഹായിക്കാനും,മാഷ് ക്ളാസ്സിലില്ലെങ്കിൽ ടീച്ചറുടെ റോൾ എടുക്കാനും ഇഷ്റ റെഡി!  ഇതാ,അവളുടെ ഇംഗ് ളീഷ് നോട്ടുബുക്കിലെ ഏതാനും പേജുകൾ നോക്കൂ...









Tuesday, 23 September 2014

സ്കൂൾ ശാസ്ത്രമേള സ്വർണ്ണക്കപ്പ് നിർമ്മിക്കുന്നതിനായി പുഞ്ചാവി സ്കൂളിലെ കുട്ടികളുടെ വക 98 രൂപ.....

                          ...സംസ്ഥാനത്തെ 40 ലക്ഷം വിദ്യാർഥികളിൽ നിന്ന് ഒരു രൂപ വീതം പിരിച്ച്, കേരള സ്കൂൾ  ശാസ്ത്രമേളയ്ക്കായി  ഒരുകിലോഗ്രാമിന്റെ(125 പവൻ)സ്വർണ്ണക്കപ്പ് ഏർപ്പെടുത്തുമ്പോൾ പുഞ്ചാവി ഗവ:എൽ.പി.സ്കൂളിലെ കുട്ടികളിൽ നിന്നുള്ള  98 രൂപയും ചെലവിനത്തിലേക്കായി ലഭിക്കും...ഇന്ന് രാവിലെ വിളിച്ചുചേർത്ത കുട്ടികളുടെ യോഗത്തിൽ വെച്ച് ഇതു സംബന്ധമായ പത്രവാർത്ത നാലാം ക് ളാസ്സിലെ അർജുൻ കൂട്ടുകാരെ വായിച്ചു കേൾപ്പിച്ചു..തുടർന്ന് പ്രധാനാധ്യാപകൻ നാരായണൻ മാഷും,സുരേഷ് മാഷും കാര്യങ്ങൾ ഒന്നുകൂടി വിശദീകരിച്ചപ്പോൾ മുഴുവൻ കുട്ടികളും ഒരു രൂപ നൽകാൻ തയ്യാറായി.ഒന്നുമുതൽ നാലുവരെ ക് ളാസ്സുകളിലെ ലീഡർമാരായ ഇഷ് റ, ഇജാസ്,ജിതിൻ,ഫർസീന,സ്കൂൾ ലിഡർ റിഷാന



എന്നിവരിൽ നിന്ന് ഓരോ രൂപ സ്വീകരിച്ചുകൊണ്ട് ഹെഡ്മാസ്റ്റർ ധനസമാഹരണം ഉൽഘാടനം ചെയ്തു.മറ്റു കുട്ടികളിൽ                              നിന്നും ക്ളാസ്സധ്യാപകർ സംഭാവന സ്വീകരിച്ച് ഹെഡ്മാസ്റ്റർക്ക് കൈമാറി..നാളെ ഈ തുക പൊതുവിദ്യാഭ്യാസ ഡയരക്റ്റരുടെ പേരിൽ ഡി.ഡി എടുത്ത് ലിസ്റ്റ് സഹിതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറുന്നതോടെ വലിയഒരു യജ്ഞത്തിലെ കണ്ണികളായി മാറും,പുഞ്ചാവിയിലെ 98 കുരുന്നുകളും!.. ഭാവിയിൽ,  സ്വർണ്ണക്കപ്പ് യാഥാർഥ്യമാകുമ്പോൾ പുഞ്ചാവിയിലെ ഈ  കുഞ്ഞുങ്ങൾക്കും   അഭിമാനത്തോടെ പറയാം, ഞങ്ങളുടെകൂടി കാശുകൊണ്ട് പണിതതാണ് ഈ കപ്പ്!..കുഞ്ഞുങ്ങളുടെ സ്വന്തം സ്വർണ്ണക്കപ്പ്!!...അതെ, ഒത്തുപിടിച്ചാൽ മലയും പോരും.