Monday, 29 September 2014

പുഞ്ചാവി സ്കൂളിലേക്ക് നാളെമുതൽ ബസ്...ഞങ്ങളുടെ സ്വന്തം സ്കൂൾ ബസ്!







...ഇത് ആഹ്ളാദത്തിന്റെസുദിനം...ഞങ്ങളുടെ വിദ്യാലയത്തിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്കൂൾബസ് ബഹുമാനപ്പെട്ട ശ്രീ.ഇ.ചന്ദ്രശേഖരൻ എം.എൽ.എ   ഫ് ളാഗ് ഓഫ് ചെയ്തിരിക്കുന്നു. ഇന്ന്(29.09.2014) ഉച്ചയ്ക്കുശേഷം 3 മണിക്ക് അധ്യാപകരുടെയും,വിദ്യാർഥികളുടെയും,പൂർവ വിദ്യാർഥികളുടെയു രക്ഷിതാക്കളുടെയും,നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു ഫ്ളാഗ് ഓഫ്. തുടർന്ന് സ്കൂൾഹാളിൽ ചേർന്ന യോഗത്തിൽ കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൻ സി.ജാനകിക്കുട്ടി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം.സദാനന്ദൻ,വിദ്യാലയ വികസനസമിതി വൈസ് ചെയർമാൻ കെ.ദാമോദരൻ,പി.ടി.എ പ്രസിഡണ്ട് പി.ശശി,മദർ പി.ടി.എ പ്രസിഡണ്ട് നസീമ.എം.പി,സീനിയർ അസിസ്റ്റന്റ് പി.പരമേശ്വരി,സ്കൂൾ ലീഡർ റിഷാന.ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വാർഡ് കൌൺസിലർ നജ്മ റാഫി സ്വാഗതവും വിദ്യാലയവികസനസമിതി ജോ.കൺ വീനർ കെ.എൻ.സുരേഷ് മാഷ് നന്ദിയും പറഞ്ഞു. പ്രധാനാധ്യാപകൻ കെ.നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു.യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം മധുരം വിതരണം ചെയ്തു                                                                  

Thursday, 25 September 2014

ഇഷ്റയുടെ ഇംഗ്ളീഷ് പുസ്തകത്തിൽനിന്ന്....


ഒന്നാംതരത്തിലെ ഇഷ്റ നന്നായി സംസാരിക്കും...നന്നായി എഴുതും..  ...നന്നായി വരക്കും.....   നന്നായി പഠിക്കും.     ഇംഗ്ളീഷ് പാഠപുസ്തകത്തിലെ ചിത്രങ്ങൾ നോക്കി നോട്ട് പുസ്തകത്തിൽ മനോഹരമായി വരയ്ക്കാനും അവൾക്കറിയാം..മാഷ്, ബോർഡിൽ വരച്ച ചിത്രങ്ങൾ അതിനെക്കാൾ ഭംഗിയായി അവൾ തന്റെ നോട്ട്പുസ്തകത്തിൽ വരയ്ക്കും..വാക്കുകളും ചെറു വാക്യങ്ങളും നോക്കി എഴുതും..കേവലമായ ‘ഗ്രാഫിക് റൈറ്റിങ്ങിൽ’ ഒതുങ്ങുന്നതല്ല അവളുടെ എഴുത്ത്..ഒരിക്കൽ പറഞ്ഞുകൊടുത്താൽത്തന്നെ അവൾക്ക് കാര്യങ്ങൾ മനസ്സിലാകും..തെറ്റുകൂടാതെ ഇംഗ്ളീഷ് വായിക്കാനും എഴുതാനും അവൾക്കാകും..കൂട്ടുകാരെ സഹായിക്കാനും,മാഷ് ക്ളാസ്സിലില്ലെങ്കിൽ ടീച്ചറുടെ റോൾ എടുക്കാനും ഇഷ്റ റെഡി!  ഇതാ,അവളുടെ ഇംഗ് ളീഷ് നോട്ടുബുക്കിലെ ഏതാനും പേജുകൾ നോക്കൂ...









Tuesday, 23 September 2014

സ്കൂൾ ശാസ്ത്രമേള സ്വർണ്ണക്കപ്പ് നിർമ്മിക്കുന്നതിനായി പുഞ്ചാവി സ്കൂളിലെ കുട്ടികളുടെ വക 98 രൂപ.....

                          ...സംസ്ഥാനത്തെ 40 ലക്ഷം വിദ്യാർഥികളിൽ നിന്ന് ഒരു രൂപ വീതം പിരിച്ച്, കേരള സ്കൂൾ  ശാസ്ത്രമേളയ്ക്കായി  ഒരുകിലോഗ്രാമിന്റെ(125 പവൻ)സ്വർണ്ണക്കപ്പ് ഏർപ്പെടുത്തുമ്പോൾ പുഞ്ചാവി ഗവ:എൽ.പി.സ്കൂളിലെ കുട്ടികളിൽ നിന്നുള്ള  98 രൂപയും ചെലവിനത്തിലേക്കായി ലഭിക്കും...ഇന്ന് രാവിലെ വിളിച്ചുചേർത്ത കുട്ടികളുടെ യോഗത്തിൽ വെച്ച് ഇതു സംബന്ധമായ പത്രവാർത്ത നാലാം ക് ളാസ്സിലെ അർജുൻ കൂട്ടുകാരെ വായിച്ചു കേൾപ്പിച്ചു..തുടർന്ന് പ്രധാനാധ്യാപകൻ നാരായണൻ മാഷും,സുരേഷ് മാഷും കാര്യങ്ങൾ ഒന്നുകൂടി വിശദീകരിച്ചപ്പോൾ മുഴുവൻ കുട്ടികളും ഒരു രൂപ നൽകാൻ തയ്യാറായി.ഒന്നുമുതൽ നാലുവരെ ക് ളാസ്സുകളിലെ ലീഡർമാരായ ഇഷ് റ, ഇജാസ്,ജിതിൻ,ഫർസീന,സ്കൂൾ ലിഡർ റിഷാന



എന്നിവരിൽ നിന്ന് ഓരോ രൂപ സ്വീകരിച്ചുകൊണ്ട് ഹെഡ്മാസ്റ്റർ ധനസമാഹരണം ഉൽഘാടനം ചെയ്തു.മറ്റു കുട്ടികളിൽ                              നിന്നും ക്ളാസ്സധ്യാപകർ സംഭാവന സ്വീകരിച്ച് ഹെഡ്മാസ്റ്റർക്ക് കൈമാറി..നാളെ ഈ തുക പൊതുവിദ്യാഭ്യാസ ഡയരക്റ്റരുടെ പേരിൽ ഡി.ഡി എടുത്ത് ലിസ്റ്റ് സഹിതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറുന്നതോടെ വലിയഒരു യജ്ഞത്തിലെ കണ്ണികളായി മാറും,പുഞ്ചാവിയിലെ 98 കുരുന്നുകളും!.. ഭാവിയിൽ,  സ്വർണ്ണക്കപ്പ് യാഥാർഥ്യമാകുമ്പോൾ പുഞ്ചാവിയിലെ ഈ  കുഞ്ഞുങ്ങൾക്കും   അഭിമാനത്തോടെ പറയാം, ഞങ്ങളുടെകൂടി കാശുകൊണ്ട് പണിതതാണ് ഈ കപ്പ്!..കുഞ്ഞുങ്ങളുടെ സ്വന്തം സ്വർണ്ണക്കപ്പ്!!...അതെ, ഒത്തുപിടിച്ചാൽ മലയും പോരും.

Monday, 22 September 2014

രണ്ടാം തരത്തിലെ ഈ ഗണിതപ്രശ്നം നോക്കൂ.......എന്താണ് കുട്ടികളുടെ പ്രശ്നം?


ഈ പ്രശ്നം വളരെ ലളിതമാണെന്നാണ് ഞാൻ കരുതിയത്..അതുകൊണ്ടുതന്നെ എന്റെ രണ്ടാം ക്ളാസ്സിലെ കൂട്ടുകാർ പെട്ടെന്നുതന്നെ ഉത്തരത്തിൽ എത്തുമെന്നും ഞാൻ പ്രതീക്ഷിച്ചു..എന്നാൽ എന്റെ പ്രതീക്ഷയ്ക്കു വിപരീതമായി മിക്ക കുട്ടികളും ആദ്യഘട്ടത്തിൽ ശരിയുത്തരത്തിൽ എത്തിയില്ല..എന്റെ തലത്തിലല്ലല്ലോ കുഞ്ഞുങ്ങൾ! പിന്നീട്, സാധനസംയുക്തമായി വീണ്ടും പ്രശ്നം അവതരിപ്പിച്ചപ്പോഴാണ് പലരും ശരിയാക്കിയത്..(ഒപ്പം എന്റേതായ ഭാഷയിൽ പ്രശ്നം വിശദീകരിക്കുകയും ചെയ്യേണ്ടിവന്നു.)  അപ്പോഴും കാര്യം പിടികിട്ടാത്ത ചിലർ ഉത്തരം കിട്ടാതെ വിഷമിക്കുന്നതു കണ്ടപ്പോൾ സത്യത്തിൽ ഞാനും വിഷമിച്ചുപോയി.......കാണുമ്പോൾ വളരെ ലളിതമെന്ന് നമുക്കു തോന്നുന്ന പലതും കുട്ടികളെ സംബന്ധിച്ചിടത്തോളം, അത്ര ലളി തമാകണമെന്നില്ല..അല്ലേ?... (സാധനസംയുക്തമായി പ്രശ്നാവതരണത്തിനും,നിർധാരണത്തിനും ഞാൻ സ്വീകരിച്ച വഴികൾ..ഇതാ,ഈ ഫോട്ടോകൾ സ്വയം സംസാരിക്കും..കണ്ടോളൂ.....ഇതിനെക്കുറിച്ച് എന്താ അഭിപ്രായം?)







.

Friday, 19 September 2014

Wednesday, 17 September 2014

ഓസോൺ ദിനത്തിൽ സ്കൂൾമുറ്റത്ത് വർണച്ചെടികൾ നട്ട് ‘സാക്ഷരം’പരിപാടിയിലെ കുഞ്ഞുങ്ങൾ .....



 പുഞ്ചാവി:  ഭൂമിയുടെ രക്ഷാകവചമായ ‘ഓസോൺകുട’യെ സംരക്ഷിക്കാനുള്ള അനേകം പ്രവർത്തനങ്ങളിലൊന്ന് മരം നട്ടുപിടിപ്പിക്കുകതന്നെയാണെന്ന തിരിച്ചറിവാണ് ഇക്കഴിഞ്ഞ ഓസോൺദിനത്തിൽ സ്കൂൾമുറ്റത്ത് മനോഹരമായ തോട്ടം നിർമ്മിക്കാൻ കുഞ്ഞുങ്ങളെ പ്രേരിപ്പിച്ചത്..‘സാക്ഷരം’പരിപാടിയുടെ ഭാഗമായി,ആവേശത്തോടെ പഠനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന പുഞ്ചാവി സ്കൂളിലെ  കുഞ്ഞുങ്ങളാണ്  തങ്ങളുടെ പുതിയ കൂട്ടായ്മയുടെ പേരിൽ  സ്കൂൾമുറ്റത്ത്  വർണ്ണച്ചെടികൾ നട്ട്  തോട്ടം മോടിപിടിപ്പിച്ചത്.അക്ഷരങ്ങളും ചിഹ്നങ്ങളും ഉറക്കുന്ന കാര്യത്തിൽ അൽ‌പ്പം പിന്നിലാണെങ്കിലും പാരിസ്ഥിതിക അവബോധത്തിന്റെ കാര്യത്തിൽ തങ്ങൾ ഒരുപടികൂടി മുന്നിലാണെന്ന് ഈ പ്രവ്യ് ത്തിയിലൂടെ കുരുന്നുകൾ തെളിയിച്ചു..ഓണാവധിക്കും,പരീക്ഷകൾക്കും ശേഷം ‘സാക്ഷരം’ ക് ളാസ്സുകളുടെ അടുത്തഘട്ടം ആരംഭിക്കുന്നതും കാത്തിരിക്കുകയാണ് ഈ കുട്ടികൾ;നന്നായി പഠിച്ച് മറ്റുകൂട്ടു  കാർക്കൊപ്പമെത്താൻ.. ‘സാക്ഷരം’ പരിപാടിയുടെ  മുഖ്യചുമതല വഹിക്കുന്ന സുരേഷ് മാഷുടെ നേത്യ് ത്വത്തിലാണ്  തോട്ടം ഒരുക്കുന്നതിനാവശ്യമായ ചെടികൾ സംഘടിപ്പിച്ചത്..പ്രധാനാധ്യാപകൻ കെ.നാരായണൻ, അധ്യാപകരായ അഹമ്മദ് അമീൻ,പരമേശ്വരി,പ്രമീള എന്നിവരും പരിപാടിയിൽ പങ്കാളികളായി.





Saturday, 13 September 2014

പുഞ്ചാവിയിൽ സ്കൂൾബസ് എത്തി...KL-60 G -5555

         ..എല്ലാവരും ഓണസദ്യയുടെ തിരക്കിലാണ്...രക്ഷിതാക്കളും അധ്യാപകരും വിളമ്പുന്നു..കുട്ടികൾ ആസ്വദിച്ചു കഴിക്കുന്നു..പെട്ടെന്ന് ആരോ വിളിച്ചുപറഞ്ഞു,“ ബസ്..ബസ്”.രണ്ടാംനിലയിലെ ഡൈനിംഗ് ഹാളിൽ നിന്നും  എല്ലാവരുടെയും നോട്ടം പുറത്തെ റോഡിലേക്ക്..അതാ‍,സ്വർണ്ണ മഞ്ഞ നിറത്തിലുള്ള ഞങ്ങളുടെ പുതിയ സ്കൂൾബസ് ആദ്യമായി സ്കൂളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു!ഹാളിൽ ഹർഷാരവം മുഴങ്ങി..കുട്ടികളെക്കാൾ ഉച്ചത്തിൽ കയ്യടിച്ച്, ആർത്തുവിളിച്ച്, തുള്ളിച്ചാടിയത് മദർ പി.ടി.എ അംഗങ്ങളായ അമ്മമാർ തന്നെ! ശരിക്കും അവരുടെ സ്വപ്നസാക്ഷാൽക്കാരത്തിന്റെ നിമിഷമായിരുന്നു അത്... വീടുവീടാന്തരം കയറിച്ചെന്ന് സ്കൂൾബസ് വാങ്ങുന്നകാര്യം പറഞ്ഞ് ഒന്നാം ക് ളാസ്സിലേക്ക് കുട്ടികളെചേർക്കാൻ മുൻ കൈ എടുത്തത് അവരാണല്ലോ.....സദ്യ കഴിച്ച ഉടൻ തന്നെ കുട്ടികളും രക്ഷിതാക്കളും ബസ്സിനടുത്തെത്തി..   തൊട്ടു,തലോടി!..എല്ലാവർക്കും ബസ്സിൽ കയറാൻ തിരക്കായി..പക്ഷെ, ബസ് കിട്ടിയതല്ലേയുള്ളൂ..റജിസ്ട്രേഷനും,ഇൻസ്പെക് ഷനും അടക്കമുള്ള കടമ്പകൾ കഴിഞ്ഞ്,എം.എൽ.എ യെക്കൊണ്ട് ഫ്ളാഗ് ഓഫ് ചെയ്യിച്ചശേഷം എത്രയും പെട്ടെന്ന് ഒടിക്കാമെന്ന് അവർക്ക് ഉറപ്പു നൽകി..ഇപ്പോൾ അതിനുള്ള ഒരുക്കത്തിലാണ്..റജിസ്റ്റ്രേഷൻ ആയി..നമ്പർ KL 60-G 5555.....പുഞ്ചാവി സ്കൂ ളിന്റെ പേരും എഴുതി ഉടൻ തന്നെ ബസ് ഓടിത്തുടങ്ങും,പുഞ്ചാവിയിലെ കുഞ്ഞുങ്ങളെയും കൊണ്ട്!